കടുത്തുരുത്തി: വെട്ടുന്നതിനിടെ വൈദ്യുതി ലൈനില്‍ കുരുങ്ങിയ മരം നീക്കം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ വൈദ്യുതാഘാതമേറ്റ് പോസ്റ്റില്‍ കുടുങ്ങിയ തൊഴിലാളിയെ ഫയര്‍ഫോഴ്സെത്തി രക്ഷപ്പെടുത്തി.
തിരുവമ്പാടി മേപ്രയില്‍ തങ്കച്ചന് മാത്യു (55) ആണ് വൈദ്യുതി പോസ്റ്റില്‍ കുടുങ്ങിയത്. ഇന്നലെ വൈകുന്നേരം 3.30 ഓടെ തിരുവമ്പാടിയിലാണ് സംഭവം.
റബര്‍മരം വെട്ടിയിടുമ്പേള് സമീപത്തെ വൈദ്യുതി ലൈനില്‍ കമ്പുടക്കി നിന്നു. തുടര്‍ന്ന് കെഎസ്ഇബി ഓഫീസില്‍ വിളിച്ചറിയിച്ചപ്പോള്‍ സമീപത്തെ ഫ്യൂസ് ഊരി വച്ചശേഷം കമ്പ് വെട്ടി നീക്കിക്കൊ ള്ളാൻ അനുമതി നല്‍കിയതായി ഇവര്‍ പറയുന്നു. ഇതനുസരിച്ചു തൊഴിലാളികള്‍ ഫ്യൂസ് ഊരി വച്ച ശേഷം മരംവെട്ട് പുനരാരംഭിച്ചു.
ഈ സമയം പ്രദേശത്ത് വൈദ്യുതിയില്ലെന്ന് ആളുകള്‍ കെഎസ്ഇബി ഓഫീസില്‍ വിളിച്ചുപറഞ്ഞതോടെ ഈ കാര്യങ്ങളൊന്നുമറിയാത്ത ജീവനക്കാര്‍ ഊരിവച്ചിരുന്ന ഫ്യൂസ് എടുത്തു കുത്തി. ഈ സമയം പോസ്റ്റില്‍നിന്നു മരം വെട്ടിക്കൊണ്ടിരുന്ന തങ്കച്ചന് വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. പോസ്റ്റില്‍നിന്നു മരം വെട്ടുന്നതിനായി കയറുപയോഗിച്ചു ശരീരത്തില്‍ കെട്ടിയിട്ടിരുന്നതിനാല്‍ തങ്കച്ചന് പോസ്റ്റില്‍ കുടുങ്ങി കിടക്കുകയായിരുന്നു.
ഉടന്‍തന്നെ ഒപ്പമുണ്ടായിരുന്നവര്‍ വിവരം അറിയിച്ചതോടെ വൈദ്യുതി ലൈന്‍ ഓഫാക്കുകയും ഫയര്‍ഫോഴ്സെത്തി തങ്കച്ചനെ താഴെയിറക്കുകയുമാ യിരുന്നു. തുടര്‍ന്ന് മുട്ടുചിറ എച്ച്ജിഎം ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും തങ്കച്ചനെ മാറ്റി.